ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

നീണ്ടകര എന്ന ഈ കൊച്ചു ഗ്രാമത്തിന് മികച്ച സാംസ്കാരിക പൈതൃകമുണ്ട്. നീണ്ടകരപ്പള്ളിയിലെ പെരുന്നാളും പരിമണം ദുര്‍ഗാ ദേവിക്ഷേത്രത്തിലെ ഉത്സവും ജാതി മതഭേദമന്യേ കൊണ്ടാടുന്നു. ഇവിടുത്തെ സാംസ്കാരിക അഭിവൃദ്ധിക്കുവേണ്ടി കലാസാംസ്ക്കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. സാംസ്കാരികതയിലേക്ക് നയിച്ച ഒരു പ്രധാന ഗോവണിയാണ് ഇവിടുത്തെ വായനശാലകളും ഗ്രന്ഥശാലകളും കലാസംസ്കാരിക സ്ഥാപനങ്ങളും. ഇതിലേറ്റവും ആദ്യമായി രൂപം കൊണ്ടത് ഗവണ്‍മെന്റ് റൂറല്‍ ലൈബ്രറിയായി തുടങ്ങിയ ഇന്നത്തെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയാണ്. അതിനുശേഷം പുത്തന്‍തുറയിൽ ദേശോദ്ധാരണി ഗ്രന്ഥശാല സ്ഥാപിക്കപ്പെട്ടു. സാംസ്ക്കാരിക പുരോഗതിക്ക് ആക്കം കൂട്ടുന്നതിന് ആരാധനാലയങ്ങളുടെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. 

വിശുദ്ധ ഋഷിവര്യനായ വില്ലുമംഗലം സ്വാമികൾ ഗുരുവായൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രമദ്ധ്യേ നീണ്ടകര പരിമണം ദേവീ ക്ഷേത്രസന്നിധിയില്‍ വിശ്രമിച്ചു. ആ സമയത്ത് അദ്ദേഹത്തിന് ഒരു പ്രത്യേക ദേവീ ചൈതന്യവും സൌരഭ്യവും അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലത്തിനു പരിമണം എന്ന് പേരു നല്‍കി എന്നൊരൈതീഹ്യവുമുണ്ട്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും ഇല്ലാത്ത ആറുപറ വഴിപാട് ഈ ക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ്. ഇന്നാട്ടിലെ സാംസ്കാരിക പൈതൃകത്തിന്റെ ഉദാഹരണങ്ങളാണ് മണ്ണാത്തറകണ്ണാട്ടുകൂടിആല്‍ത്തറമൂട് ക്ഷേത്രങ്ങള്‍. പഴയപ്രൌഢികള്‍ വിളിയിച്ചറിയിക്കുന്ന സ്മാരകങ്ങളായ കളരികളും കാവുകളും ഇന്നും പലഭാഗത്തും സ്ഥിതി ചെയ്യുന്നു. ഈ നാട്ടിലെ പഴയകാലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ സെന്റ് സെബാസ്റ്റ്യന്‍ എല്‍.പി.എസ്.ഗവണ്‍മെന്റ് എല്‍.പി.എസ്.പരിമണംഎ.എസ്. യു.പി.എസ്.പുത്തന്‍തറ എന്നിവയായിരുന്നു സാംസ്കാരിക പുരോഗതിക്കു സഹായകമായത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വീരസേനാനികളെ സംഭാവന ചെയ്ത ഒരു പ്രദേശമാണ് ഇത്. പഞ്ചായത്തിന്റെ ആദ്യഭരണസമിതിയുടെ പ്രസിഡന്റ് എഫ്.ആന്റണി ആയിരുന്നു. 1984-1988 കാലഘട്ടം അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരുന്നു. തുടര്‍ന്ന് 4.2.1988-ന് നിലവില്‍ വന്ന ഭരണസമിതിയുടെ പ്രസിഡന്റ് വി.സുന്ദരേശനും വൈസ്പ്രസിഡന്റ്  മേരി ചെറിയാനും ആയിരുന്നു. പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നതിനെ തുടര്‍ന്ന് 1995ന് നടന്ന ആദ്യതെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന ഭരണസമിതിയുടെ പ്രസിഡന്റ് വി.സുന്ദരേശനായിരുന്നു.

പഞ്ചായത്തിലൂടെ

കൃഷിയും അനുബന്ധമേഖലയും

 നീണ്ടകര ഗ്രാമപഞ്ചായത്തിൽ വര്‍ഷങ്ങള്‍ക്കു മുമ്പ് നെല്‍കൃഷി ചെയ്തിരുന്നു. എങ്കിലും ഇപ്പോള്‍ നെല്‍കൃഷി ഇല്ലാതായിരിക്കുകയാണ്. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ഈ നീര്‍ത്തട പ്രദേശത്ത് അഷ്ടമുടിക്കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന തോടുകളില്‍ നിന്നും ഉപ്പ് വെള്ളം കയറി കരകൃഷിയെ പൊതുവെ ദോഷകരമായി ബാധിക്കുന്നു. നീണ്ടകര ഗ്രാമപഞ്ചായത്തില്‍ പൊതുവേ കയർ, മത്സ്യബന്ധനം എന്നീ മേഖലകളിലാണ് കൂടുതലും ആളുകൾ വ്യാപരിക്കുന്നത്. ഈ തീരദേശ ഗ്രാമത്തിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ല് തെങ്ങ് കൃഷിയാണ്. നീണ്ടകര ഗ്രാമപഞ്ചായത്ത് മത്സ്യബന്ധനം മുഖേന പ്രസിദ്ധമാണ്. ഈ ഗ്രാമത്തിലെ ബഹൂഭൂരിപക്ഷം ജനങ്ങളും മത്സ്യമേഖലയുമായി ബന്ധപ്പെട്ടാണ് ഉപജീവനം നടത്തുന്നത്. കേരളത്തില്‍ കശുവണ്ടി മേഖലയായ കൊല്ലം ജില്ലയിലെ ഒരു തീരദേശ പഞ്ചായത്താണ് നീണ്ടകര. ഇത് കരുനാഗപ്പള്ളി താലൂക്കിലെ, ചവറ ബ്ളോക്കില്‍ നീണ്ടകര വില്ലേജില്‍ സ്ഥിതി ചെയ്യുന്നു.  അറബിക്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന നീണ്ടകര പഞ്ചായത്ത് കൊല്ലം ആലപ്പുഴ ദേശീയപാതയില്‍ കൊല്ലത്തു നിന്ന് 9 കി.മീ ദൂരത്തു സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചവറ പഞ്ചായത്തുംതെക്ക് കൊല്ലം കോര്‍പ്പറേഷനുംകിഴക്ക് തെക്കുഭാഗം പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലുമാണ്. നീണ്ടകര പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 10.19 ചി.കി.മീ ആണ്. കേരളത്തിലെ ഒരു പ്രമുഖ ഉള്‍നാടന്‍ മത്സ്യബന്ധന കേന്ദ്രമാണ് ഈ പഞ്ചായത്ത്. 1953 ല്‍ ഇന്തോ-നോര്‍വീജിയന്‍ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടിന് തുടക്കം കുറിച്ചത് നീണ്ടകരയിലാണ്. ഇവിടെ ഫിഷിംഗ് ഹാര്‍ബര്‍ തുറന്നിട്ടുണ്ട്. നീണ്ടകര പോര്‍ട്ടായും പ്രവര്‍ത്തിക്കുന്നു. ഈ പഞ്ചായത്ത് ഓണാട്ടുകര മേഖലയിലെ തെക്കേ അറ്റത്തെ പ്രദേശമാണ്. ഈ പ്രദേശത്തെ മുഖ്യകൃഷി തെങ്ങ് ആണ്. ഭാഗികമായി കമുകും ഇടവിളയായി വാഴചേമ്പ്ചേന പച്ചക്കറികള്‍ മുതലായവയും കൃഷി ചെയ്യുന്നു. നീണ്ടകര ഗ്രാമപഞ്ചായത്തില്‍ പരിമണത്ത് ഒരു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് മത്സ്യതൊഴിലാളികളും കയര്‍ തൊഴിലാളികളും അധികം ഉള്ള പഞ്ചായത്ത് ആണ് നീണ്ടകര ഗ്രാമപഞ്ചായത്ത്. സ്ഥലത്തിന്റെ നല്ലൊരു ഭാഗം കായലുകളും വെള്ളക്കെട്ടുകളുമാണ്. പടിഞ്ഞാറ് 5 കിലോമീറ്ററോളം നീളത്തില്‍ അറബിക്കടലും തെക്ക് കിഴക്ക് അഷ്ടമുടിക്കായലും വടക്ക് ചവറ തോടും അതിരുകളായ നീണ്ടകര പഞ്ചായത്തില്‍ ജനസംഖ്യയില്‍ 70 ശതമാനവും മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികളാണ്. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ ഫിഷിംഗ് ഹാര്‍ബര്‍ നീണ്ടകരയിലാണ്.

അടിസ്ഥാനമേഖലകള്‍

പ്രധാനമായും 7 പട്ടികജാതി കോളനികള്‍ ആണുള്ളത്. അതില്‍ രണ്ടെണ്ണം ഐ.എച്ച്.ഡി.പി കോളനിയായി അംഗീകരിച്ചതാണ്. മറ്റ് രണ്ടെണ്ണം സങ്കേതങ്ങള്‍ ആണ്. നീണ്ടകര പഞ്ചായത്തിലെ പട്ടികജാതിക്കാര്‍ അധികവും താമസിക്കുന്നത് ഈ കോളനികളില്‍ ആണ്. നീണ്ടകര പഞ്ചായത്തില്‍ അതിപുരാതന കാലം മുതല്‍ ഉണ്ടായിരുന്ന വ്യവസായം കയര്‍ വ്യവസായമായിരുന്നു. ഭൂപ്രകൃതിയുടെ ആനുകൂല്യം മൂലം നീണ്ടകരയിലെ കൂടുതല്‍ ആളൂകളും മത്സ്യബന്ധനവും കയര്‍ പിരിയും പ്രധാന തൊഴിലുകളായി ചെയ്തു വന്നിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ നീണ്ടകര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്ക്കൂള്‍ 1917 ല്‍ പരിമണത്തു സ്ഥാപിക്കപ്പെട്ടു. പഞ്ചായത്തില്‍ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി ആകെ അഞ്ചു വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ക്കൂളുകള്‍ രണ്ടെണ്ണം പൊതുമേഖലയിലും മൂന്നെണ്ണം സ്വകാര്യമേഖലയിലുമാണ്. നീണ്ടകര പഞ്ചായത്തില്‍   40-ല്‍ പരം റോഡുകള്‍ നിലവിലുണ്ട്.